
കൊൽക്കത്ത: ബംഗാളി സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായിരുന്ന നടി മിമി ചക്രബർത്തി വിവാഹിതയായി. മറൈൻ എൻജിനീയറായ സിദ്ധാർത്ഥ ദത്തയാണ് വരൻ. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും നവംബർ 26-ന് കൊൽക്കത്തയിലെ രജിസ്റ്റർ ഓഫീസിൽ വെച്ച് ലളിതമായ ചടങ്ങിലൂടെയാണ് വിവാഹിതരായത്. വിവാഹവാർത്തയും ചിത്രങ്ങളും പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വിവാഹചിത്രങ്ങൾ പങ്കുവെച്ച മിമി, ചുവന്ന ഹൃദയത്തിന്റെ ഇമോജികൾ മാത്രമാണ് കുറിപ്പായി നൽകിയത്. വിവാഹമോതിരങ്ങൾ പ്രദർശിപ്പിക്കുന്ന നവദമ്പതികളുടെ സിലൗറ്റ് ചിത്രമാണ് ആദ്യം പങ്കുവെച്ചത്. തുടർന്ന് സിദ്ധാർത്ഥ വിവാഹരേഖയിൽ ഒപ്പിടുന്നതും മിമി അദ്ദേഹത്തിന്റെ വിരലിൽ മോതിരം അണിയിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവിട്ടു. അവസാന ചിത്രത്തിൽ സിദ്ധാർത്ഥിന്റെ മുഖം മറച്ചുപിടിച്ച് അദ്ദേഹത്തെ ചേർത്തുപിടിക്കുന്ന മിമിയെയാണ് കാണാനാകുന്നത്. വിവാഹചിത്രങ്ങളിൽ സിദ്ധാർത്ഥിന്റെ മുഖം വെളിപ്പെടുത്താത്തതും ആരാധകരുടെ കൗതുകം വർധിപ്പിച്ചിട്ടുണ്ട്.
വെള്ളയും സ്വർണനിറവും ചേർന്ന വസ്ത്രങ്ങളാണ് വിവാഹച്ചടങ്ങിനായി ഇരുവരും തിരഞ്ഞെടുത്തത്. സ്വകാര്യമായി നടത്തിയ രജിസ്റ്റർ വിവാഹത്തിന് പിന്നാലെ പരമ്പരാഗത ബംഗാളി ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും. ജൽപായ്ഗുരി സ്വദേശിയായ മിമിയുടെ പരമ്പരാഗത വിവാഹച്ചടങ്ങുകൾ ഡിസംബർ അഞ്ചിന് കാലിംപോങ്ങിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലും വിവാഹസത്കാരം സംഘടിപ്പിക്കുമെന്നാണ് വിവരം.
ബംഗാളി സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഡിസംബർ 11-ന് കൊൽക്കത്തയിൽ വിപുലമായ വിവാഹസത്കാരവും ഒരുക്കുന്നുണ്ട്. സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഋതുപർണ്ണ ഘോഷ് സംവിധാനം ചെയ്ത 'ഗാനർ ഒപരേ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മിമി ചക്രബർത്തി അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 'ശുദ്ധു തൊമാരി ജോന്യോ', 'ഗ്യാങ്സ്റ്റർ', 'പോസ്റ്റോ', 'ഡ്രാക്കുള സർ', 'ഭാനുപ്രിയ ഭൂതർ ഹോട്ടൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബംഗാളി സിനിമയിലെ ശ്രദ്ധേയ നായികയായി മാറി. ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത പൂജ റിലീസ് ചിത്രമായ 'എമ്പറർ വേഴ്സസ് ശരത് ചന്ദ്ര'യിലാണ് ഒടുവിൽ അഭിനയിച്ചത്. 'ജഹ ബോലിബോ ശോത്തോ ബോലിബോ', 'ഡൈനീ' തുടങ്ങിയ ഒ.ടി.ടി പരമ്പരകളിലും മിമി വേഷമിട്ടിട്ടുണ്ട്.
അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്ന മിമി 2019-ലാണ് തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയത്. അതേ വർഷം ജാദവ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച് പാർലമെന്റിലെത്തി. എന്നാൽ 2024 ഫെബ്രുവരി 15-ന് എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.










